കുമളി: തേക്കടിയില്‍ വന്‍ ബോട്ട് ദുരന്തം. 76 വിനോദ സഞ്ചാരികള്‍ കയറിയ ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ചു. കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 35 പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. 20 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കരയിലെത്തിച്ചവരില്‍ പലരും അവശനിലയിലാണ്. രക്ഷപെടുത്തിയവരില്‍ പലരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വൈകീട്ട് 4 മണിയോടെ മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മണക്കവല എന്ന ഭാഗത്ത് വെച്ച് മറിഞ്ഞത്. ബോട്ട് ലാന്‍ഡിങ്ങില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. വന്യമൃഗങ്ങളെ കാണുന്നതിനായി ബോട്ടിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ ഒരു വശത്തേക്ക് നീങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. കര്‍ണാടകത്തില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. ചില വിദേശികളും ബോട്ടിലുണ്ടായിരുന്നു.
സ്പീഡ് ബോട്ടുകളിലും കെ.ടി.ഡി.സിയുടെ മറ്റ് ബോട്ടിലുമായി പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് നിന്ന് അപകടത്തില്‍ പെട്ടവരുമായി കരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോട്ട് തലകീഴായി മറിഞ്ഞനിലയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തേക്കടി, പെരിയാര്‍ ആസ്പത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. 10 പേരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. രക്ഷപെട്ടവരില്‍ രണ്ട് പേര്‍ മുംബൈ സ്വദേശികളാണ്. രണ്ട് മാസം മുമ്പ് സര്‍വീസ് തുടങ്ങിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. തേക്കടിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം സര്‍ക്കാര്‍ തേടി.
ബോട്ട് ദുരന്തം നടന്ന തേക്കടിയിലേക്ക് മന്ത്രിമാരുടെ സംഘം പുറപ്പെട്ടു. ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്ന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, പി.ജെ ജോസഫ്, കെ.പി രാജേന്ദ്രന്‍ എന്നിവരാണ് തേക്കടിയിലേക്ക് തിരിച്ചിട്ടുള്ളത്. ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം വെട്ടിച്ചുരുക്കി കൊച്ചിയിലേക്ക് തിരിച്ചു
തേക്കടി ബോട്ട് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തുണയായി സിനിമ യൂണിറ്റും. കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സംഘം അവരുടെ ലൈറ്റ് യൂണിറ്റ് മുഴുവനായി അപകടസ്ഥലത്ത് ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ സഹായകരമായി. പ്രത്യേകിച്ചും ഇരുട്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി വന്ന സാഹചര്യത്തില്‍ ലൈറ്റ് യൂണിറ്റും ജനറേറ്റര്‍ സംവിധാനവും കിട്ടയത് ഏറെ ആശ്വാസകരമായി. നടന്‍ ദീലിപും കമലും അടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി
കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ബോട്ട് മറിഞ്ഞത് ബോട്ട്‌ലാന്‍ഡിങില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ജലാശയത്തിലെ ഏറ്റവും ആഴമേറിയ സ്ഥലത്താണെന്നത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കി. മാത്രമല്ല, അപകടം നടന്ന സ്ഥലം കാട്ടിന് നടുവിലാണ്. തടാകം വഴി മാത്രമേ അവിടെ എത്താനാകൂ. അപകടം പുറത്തറിയുമ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയെന്നത് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയായി.
അതെസമയം, ആവശ്യത്തിന് ആസ്പത്രി സൗകര്യമോ ആരോഗ്യപ്രവര്‍ത്തകരോ ഡോക്ടര്‍മാരോ തേക്കടി പരിസരത്ത് ഇല്ല എന്നത് വന്‍പ്രതിസന്ധിയാണ്. ഈ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തന് ഇടുക്കി ജില്ലയിലെ എല്ലാ ഡോക്ടര്‍മാരോടും കുമിളിയിലെത്താന്‍ ആരോഗ്യമന്ത്രി ഉത്തരിവിട്ടു. ആംബുലന്‍സുകള്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താന്‍ വേണ്ടി മറ്റ് വാഹനങ്ങളെ തേക്കടി റൂട്ടില്‍ അധികൃതര്‍ നേരത്ത തന്നെ നിരോധിച്ചിരുന്നു.
വൈകീട്ട് നാലുമണിയോടെ അപകടം നടന്നെങ്കിലും സംഭവം പുറത്തറിഞ്ഞ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നത് സന്ധ്യയോടെയാണ്. ചെറിയ സ്പീഡ് ബോട്ടുകള്‍ക്ക് മാത്രമേ ആദ്യം അവിടെ എത്താനായുള്ളു. ഒരോ സ്പീഡ്ബോട്ടിലും രണ്ടോ മൂന്നോ പേരെ വീതം മാത്രമാണ് രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ കഴിഞ്ഞത്. രക്ഷപ്പെടുത്തിയവരെ ബോട്ട് ലാന്‍ഡില്‍ കൊണ്ടുവരാന്‍ അരമണിക്കൂറോളം സമയമെടുക്കുമെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി. കരയിലെത്തിച്ച പലരും അബോധാവസ്ഥയിലായിരുന്നു.
കരമാര്‍ഗം അപകടസ്ഥലത്ത് എത്തിച്ചേരുക സാധ്യമല്ല. വനത്തില്‍ പട്രോളിങ് നടത്തി പരിചയമുള്ള ആദിവാസികള്‍ക്ക് മാത്രമാണ് ഒരുപക്ഷേ, ഇരുട്ടില്‍ കരമാര്‍ഗം സംഭവസ്ഥലത്ത് എത്താന്‍ സാധിക്കുക. രാത്രി സമയത്ത് തടാകത്തില്‍ ബോട്ടുപയോഗിക്കാനും പരിചയമുള്ളവര്‍ക്കേ സാധിക്കൂ. തടാകത്തിലെ മരക്കുറ്റികള്‍ ഇരുട്ടില്‍ കാണില്ലെന്നത് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടുകള്‍ക്കും വന്‍ ഭീഷണിയാണ്.
അപകടം നടന്ന ബോട്ടിനു മുന്‍പെയായിരുന്നു മറ്റു രണ്ട് ബോട്ടുകള്‍ സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് അപകടം ഉണ്ടായത് ആ ബോട്ടിലുള്ളവര്‍ അറിഞ്ഞില്ല. അപകടവിവരം പുറത്തറിയുന്നത് വൈകാന്‍ ഇതിടായാക്കി. ഇരുട്ടു മൂലം കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചാലും അപകടത്തില്‍ പെട്ട് തടാകത്തില്‍ ഒഴുകിയ യാത്രക്കാരെ കണ്ടെത്താന്‍ പണിപ്പെടേണ്ടി വരും. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും രാത്രിയില്‍ പ്രായോഗികമല്ല.