Saturday 12 September, 2009

തുപ്പല്‍

തുപ്പല്‍, അതും കാര്‍ക്കിച്ചു തുപ്പല്‍ മുഖത്തുതന്നെ വീണാല്‍ എന്തായിരിക്കും പ്രതികരണം? ഇരുചക്രവാഹനക്കാര്‍ പലപ്പോഴും അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ഒരു പരിധിവരെ അതില്‍ നിന്നും രക്ഷപ്പെടുമായിരിക്കും. എന്നാലും മുന്‍പെ പോകുന്ന വാഹനത്തില്‍ ഇരിക്കുന്നവര്‍ പുറത്തേക്കു നീട്ടിത്തുപ്പുന്നതിനുമുന്‍പ് പുറകെ വരുന്നവരെ ക്കൂടി ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. തുപ്പണമെന്ന് നിര്‍ബന്ധമുള്ളവര്‍ വാഹനം നിര്‍ത്തി തുപ്പട്ടെ. എന്തിനാ അതുമറ്റുള്ളവരുടെ മുഖത്തേക്ക് ആക്കുന്നത്? പലപ്പോഴും കുട്ടികളുമായി ബൈക്കില്‍ പോകുമ്പോഴാണ് ഇതിന്‍റെ ഭീകരാവസ്ഥ മനസ്സിലാകുന്നത്.

ഇതേ പോലെ തന്നെ മറ്റുചില വിരുതന്മാരുണ്ട്. അവര്‍ കാറിനുള്ളിലായിരിക്കും. കാറിന്‍റെ ഗ്ലാസ്സില്‍ അഴുക്കോ പൊടിയോ കണ്ടാല്‍ ഉടന്‍ അവര്‍ക്ക് കഴുകണം . കഴുകിക്കോട്ടെ, പക്ഷെ തിരക്കേറിയ റോഡില്‍, ഓടിക്കൊണ്ടിരിക്കെത്തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? ഓടിക്കൊണ്ടിരിക്കെത്തന്നെ കുറച്ചുവെള്ളം സ്പ്രേ ചെയ്ത് ഗ്ലാസ്സിലേക്ക് ഒഴിച്ച് വൈപ്പര്‍ കൊണ്ട് രണ്ട് ആട്ടം. സംഗതി ക്ലിയര്‍. പക്ഷെ ഈ അഴുക്കുവെള്ളം തെറിച്ചുവീഴുന്നത് തൊട്ടുപുറകെ വരുന്ന സ്കൂട്ടര്‍ യാത്രക്കാരന്‍റെ മേലാണ്. അവന്‍റെ ദേഹത്തും വസ്ത്രങ്ങളിലും വീഴുന്ന അഴുക്കുവെള്ളം ആരു കാണുന്നു.?

No comments: