Friday 6 August, 2010

ഇന്ന് സ്റ്റാച്ച്യുവില്‍ സംഭവിച്ചത്

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം സ്റ്റാച്ച്യുവില്‍ പേരൂര്‍ക്കടയിലേക്കുള്ള ഒരു ബസ്, സ്റ്റാന്‍ഡില്‍ നിന്നും അല്പം മുന്നോട്ട് മാറ്റി നിര്‍ത്തി. ആള്‍ക്കാര്‍ ഓടിയെത്തി വാതിലിലേക്ക് കയറുന്നതിനുമുന്‍പ് അവരുടെയിടയിലേക്ക് ഒരു ഹോണ്ടാ അക്ടീവയില്‍ 50 വയസ്സുതോന്നിക്കുന്ന ഒരാള്‍ കയറിവന്നു. എന്‍റെ ഒരു സുഹൃത്ത് അദ്ദേഹത്തോട് 'അല്പം നിര്‍ത്താമായിരുന്നില്ലേ, ആള്‍ക്കാര്‍ ബസില്‍ കയറുന്നതുവരെ' എന്നു ചോദിച്ചുപോയി. 'നീ ആരാടാ ആള്‍ക്കാരെ ബസ്സില്‍ കയറ്റാന്‍...??' എന്നായി കക്ഷി. ഞങ്ങളാരുമല്ല, എടാപോടാന്ന് വിളിക്കരുത് എന്നു മറുപടി പറഞ്ഞപ്പോഴേക്കും അയാള്‍ വണ്ടി ഒരു വശത്തേക്ക് ഒതുക്കിനിറുത്തി. കക്ഷിയുടെ സുഹൃത്തുക്കളാണെന്ന് തോന്നുന്നു 30-35 വയസ്സ് പ്രായമുള്ള രണ്ടുപേര്‍ പെട്ടെന്ന് അടുത്തൊരു കടയില്‍ നിന്ന്ഇറങ്ങി വന്നു 'എന്താടാ നിനക്ക്..' എന്നും പറഞ്ഞ് 'ള്ള' 'മ്മ' 'ണ്ട' ഒക്കെ ചേര്‍ത്ത് വിളിയും തുടങ്ങി. വെട്ടാന്‍ നില്‍ക്കുന്നവരോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറഞ്ഞതുപോലെ അവരോട് ഒന്നും പറഞ്ഞിട്ടും ഏല്‍ക്കുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ പിന്‍തിരിഞ്ഞു. അപ്പോഴേക്കും കുറെ ആള്‍ക്കാര്‍ ചുറ്റും നിന്നും എത്തിനോക്കുന്നുണ്ടായിരുന്നു. ഒരു സീന്‍ നഷ്ടപ്പെട്ടതിലുള്ള വേദനയില്‍ അവര്‍ പിന്‍വലിഞ്ഞു.