Wednesday, 18 July 2012

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് - ഡിസിഎ ആവശ്യമോ?


പുതുക്കിയ സിലബസ്സനുസരിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികകള്‍ക്ക് അപേക്ഷിക്കുന്നതിന് ഡിഗ്രി,   (സയന്‍സ് ബിരുദത്തില്‍ 50% മോ അതിലധികമോ മാര്‍ക്കോആര്‍ട്ട്സ് വിഷയങ്ങളില്‍ 45% മോ അതിലധികമോ മാര്‍ക്കോ നേടിയിരിക്കണം), പുറമെ
6 മാസത്തില്‍ കുറയാതെയുള്ള കോഴ്സിലൂടെ നേടിയ ഗവ അംഗീകൃത DCA (Diploma in Computer Application) ഉണ്ടായിരിക്കണം.  ഇതിനുമുമ്പ് ഈ തസ്തികയിലേക്ക് രണ്ടു ടെസ്റ്റുകളും ഇന്‍റര്‍വ്യൂവും ഉണ്ടായിരുന്നു.  എന്നാല്‍ ഇപ്പോള്‍ വെറും objective type test മാത്രമേയുള്ളൂവെന്നറിയുന്നു. അതിനാല്‍ ഇപ്രകാരം യോഗ്യത പരിഷ്ക്കരിച്ചതിലൂടെയുള്ള ഗുണമൊന്നും ഈ പരീക്ഷയിലൂടെ ലഭിക്കുകയില്ല.  ഇങ്ങനെ ഒരു പരീക്ഷനടന്നുകഴിഞ്ഞാല്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസിനെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ചോദിക്കേണ്ടി വരില്ല. അങ്ങിനെ വരുമ്പോള്‍ ഇപ്പോള്‍നല്‍കുന്നതരത്തിലുള്ള ശമ്പള വര്‍ദ്ധന നല്‍കേണ്ടിവരില്ല.  അതിനുമൊരു കാരണം വേണമല്ലോ. 


CLICK HERE FOR

Qualifications for Secretariat Assistant / Typist Grade II / Last Grade Servants - Modified




പിന്നെ DCA-യുടെ കാര്യം. അത്ഇപ്പോള്‍ പറഞ്ഞതുപോലെ വേണമോയെന്ന കാര്യം പരിശോധിക്കേണ്ടതാണ്.  കാരണം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിട്ടാണ് നാനൂറോ അഞ്ഞൂറോപേര്‍ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്.  ഇവര്‍ക്ക് സര്‍വ്‌വീസില്‍ കയറിയതിനുശേഷം പ്രൊബേഷന്‍ പീരീഡില്‍ ഇന്‍-സര്‍വ്വീസായി DCA പഠിച്ചെടുക്കണമെന്നും എങ്കില്‍ മാത്രമേ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്നും നിഷ്കര്‍ഷിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.  അല്ലാതെ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പണം മുടക്കി ഈ അധികയോഗ്യത നേടിയെടുത്തതിനുശേഷം അപേക്ഷിക്കണമെന്ന് പറയുന്നത് പുനരാലോചിക്കേണ്ട വിഷയമാണ്. അത് ആരെ സഹായിക്കാനാണെന്ന് മനസ്സിലാകുന്നില്ല. ഉദാഹരണമായി റവന്യൂ വകുപ്പില്‍തന്നെ LDC യില്‍ നിന്നും UDC പ്രൊമോഷന്‍ ലഭിക്കണമെങ്കില്‍ ചെയിന്‍ സര്‍വ്വേ പാസായിരിക്കണമെന്നുണ്ട്.  അത് പൊതുവായ LDC ലിസ്റ്റില്‍ നിന്നും റവന്യൂ വകുപ്പിലേക്ക് നിയമിക്കപ്പെടുന്നവര്‍ മാത്രം പാസ്സായാല്‍ മതിയാകും. അല്ലാതെ എല്‍ഡിസി-ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും ചെയിന്‍സര്‍വ്വേ പാസായിരിക്കണമെന്ന നിബന്ധനവച്ചാലത്തെ സ്ഥിതി ആലോചിച്ചുനോക്കൂ. ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റുകളും സര്‍വ്വീസില്‍ കയറിയതിനുശേഷം പാസ്സായാല്‍ മതി.


ഇനി മറ്റൊന്ന്
ഇപ്പോള്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടത്തുമത്രെ. കഴിഞ്ഞ ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിന് അനുബന്ധമായി ഏതെല്ലാം DCA course-കളാണ് അംഗീകരിച്ചിട്ടുള്ളത് എന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ഈ ജൂലായിലാണ് അവസാനമായി പുറപ്പെടുവിച്ചത്.  അതനുസരിച്ച് കോഴ്സുകളില്‍ ചേര്‍ന്ന് യോഗ്യതനേടിയെടുക്കാനുള്ള മിനിമം സമയംപോലും നല്‍കാതെ പി.എസ്.സി. നോട്ടിഫിക്കേഷന്‍ ക്ഷണിക്കുകയാണെങ്കില്‍ അത്  DCA സര്‍ട്ടിഫിക്കറ്റ് നേരത്തേതന്നെ ഇല്ലാത്തവരോടുള്ള നീതികേടെന്നേ പറയാനുള്ളൂ. മാത്രമല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് വളരെയധികംപേര്‍ പ്രൈവറ്റ് സ്ഥാപനങ്ങളില്‍പോയി DCA പഠിച്ചിട്ടുമുണ്ട്. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോള്‍ വിലയില്ലാതായിരിക്കുകയാണ്.



Click HERE for Various Govt Orders relating courses accepted as equivalent to DCA


വായനക്കാരുടെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ട്

Sunday, 26 February 2012

ശ്രീകാര്യത്തെ മാന്‍ഹോള്‍

എന്തായാലും ശ്രീകാര്യത്തെ മാന്‍ഹോളിനെപ്പറ്റി ഞാന്‍ പറഞ്ഞത് ശരിയാണെന്ന് വന്നു.  ഞാന്‍നേരത്തെ എഴുതിയത് ഇവിടെ വായിക്കാം  മാന്‍ഹോളിന്‍റെ അടപ്പിന്‍റെ ഉയരം കുറച്ചിട്ടുണ്ട്.  എന്തായാലും നന്നായി.

Saturday, 25 February 2012

സെക്രട്ടേറിയറ്റ് തെക്കേ ഗേറ്റിനടുത്തുള്ള ട്രാഫിക് ലൈറ്റ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിനടുത്തുള്ള ട്രാഫിക് ലൈറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവാണെനിക്കിവിടെ പറയാനുള്ളത്.  അവിടെ മുന്നു റോഡുകളാണ് സംഗമിക്കുന്നത്.  (1) പുളിമൂട്-സ്റ്റാച്യൂ, (2) സ്റ്റാച്യൂ-പുളിമൂട്, (3) സെക്രട്ടേറിയറ്റ് തെക്ക്-എം.ജി.റോഡ്.  ഇതില്‍ പുളിമൂട് സ്റ്റാച്യൂ,അല്ലെങ്കില്‍ സ്റ്റാച്യൂ-പുളിമൂട് റോഡിലെ സിഗ്നല്‍ ചുവപ്പാകുമ്പോള്‍ സെക്രട്ടേറിയറ്റ് തെക്ക് - എം.ജി.റോഡ് പച്ചയാകുന്നില്ല.  ആ സമയം എം.ജി.റോഡിലെ പെഡസ്ട്രിയന്‍ ക്രോസിംഗില്‍ കാല്‍നടക്കാര്‍ക്കുള്ള പച്ച ലൈറ്റ് തെളിയുകയാണ് ചെയ്യുന്നത്.  എന്നാല്‍ ഭൂരിപക്ഷം വാഹനങ്ങളും ഈ സമയം എം.ജി.റോഡിലേക്ക് കടക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. മിക്കപ്പോഴും ട്രാഫിക് പോലീസ് നില്‍ക്കവേയാണ് ഈ അതിക്രമം.  ആ സമയം ഇങ്ങനെ കടക്കുന്ന വാഹനങ്ങളുടെ മുന്പില്‍ ചുവന്ന ലൈറ്റാണ് കത്തിയിരിക്കുന്നത്.  അവര്‍ അത് ശ്രദ്ധിക്കുന്നതേയില്ല.  ആരെങ്കിലുമൊരാള്‍ അത് ശ്രദ്ധിച്ച് കാത്ത് നിന്നുപോയാല്‍ പിറകെയുള്ളവരുടെ മുഴുവന്‍ ഹോണടിയും ചീത്തവിളിയും കേള്‍ക്കേണ്ടിവരും.  പെഡസ്ട്രിയന്‍ ക്രോസിംഗിനുള്ള സമയം കഴിയുമ്പോള്‍ സെക്രട്ടേറിയറ്റ് തെക്ക് - എം.ജി.റോഡ് പച്ചയാകുന്നു.  ആ സമയം ഈ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതേയുള്ളൂ.

Saturday, 18 February 2012

തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനിലെ ട്രാഫിക് ലൈറ്റുകളുടെ അപ്രായോഗികത



തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനില്‍ 4 റോഡുകളാണ് ക്രോസ് ചെയ്യുന്നത്.  പട്ടം-പി.എം.ജി., പട്ടം-ചാരാച്ചിറ റോഡ്, പ്ലാമൂട്-തേക്കിന്മൂട്, പി.എം.ജി.-പട്ടം.  ഇവിടെ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് 5 മീറ്ററിലധികം പൊക്കത്തിലാണ്.  പട്ടം-പി.എം.ജി.യിലേക്ക് പോകുമ്പോള്‍ വെയിലുള്ള സമയമാണെങ്കില്‍ പലപ്പോഴും ലൈറ്റ് കാണുന്നത് ബുദ്ധിമുട്ടാണ്.  അതുപിന്നെ സ്റ്റോപ് മാര്‍ക്കിംഗും കഴിഞ്ഞു മുന്നോട്ടുപോയി നില്‍ക്കുന്നതുകൊണ്ടാണെന്ന് സമാധാനം പറയാം.  എന്നിരുന്നാലും 3 മീറ്ററിനുതാഴെ പൊക്കത്തില്‍ ലൈറ്റുണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു.  പി.എം.ജി.-പട്ടം റൂട്ടില്‍ റെഡ് സിഗ്നലായതിനുശേഷം ചാരാച്ചിറ-പട്ടം/തേക്കിന്മൂട് ലൈന്‍ ഗ്രീന്‍ ആകും.  ചാരാച്ചിറ നിന്നും വരുന്ന വാഹനങ്ങള്‍ പട്ടത്തേക്കു പോകാന്‍ തിരിയുമ്പോള്‍ അവിടെ അതാ റെഡ്. മാത്രമല്ല പി.എം.ജി.-പട്ടം ലൈനില്‍ നിന്നും വന്നു റെഡ് സിഗ്നല്‍ കണ്ടതുകൊണ്ട് വെയ്റ്റുചെയ്യുന്ന വാഹനങ്ങള്‍ മുമ്പില്‍ നിര്‍ത്തിയിട്ടിട്ടുമുണ്ടാവും. പിന്നീട്  പി.എം.ജി.-പട്ടം ലൈനില്‍ ഗ്രീന്‍ സിഗ്നലായതിനുശേഷമാണ് ഈ രണ്ടുവഴിയില്‍നിന്നും വന്നുനില്ക്കുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിനു പരിഹാരമുണ്ടാക്കാം.  പി.എം.ജി.-പട്ടം ലൈനില്‍ ഇറക്കം ഇറങ്ങിവരുമ്പോള്‍ തന്നെ ഒരു സെറ്റ് ലൈറ്റുകള്‍ ഉയരം കുറച്ച് സ്ഥാപിക്കുക.  അത് റെഡ് ആകുമ്പോള്‍ വാഹനങ്ങള്‍ മുന്നോട്ടുവന്നുനിന്ന് വഴിതടയില്ല.  ഈ സിഗ്നല്‍ കടന്നുമുന്നോട്ടുപോയ വാഹനങ്ങള്‍ ചാരാച്ചിറ-പട്ടം ലൈന്‍ ഗ്രീന്‍ ആകുമ്പോള്‍ ഓപ്പണ്‍ ആകുന്ന വഴിയിലൂടെ കടന്നുപോകുകയും ചെയ്യും. 


Wednesday, 15 February 2012

ശ്രീകാര്യത്തെ മാന്‍ഹോള്‍

തിരുവനന്തപുരത്ത് ശ്രീകാര്യത്തിനും ചാവടിമുക്കിനുമിടയില്‍ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ചു. മാസങ്ങളോളം കുഴിയായി കിടന്നത്കഴിഞ്ഞദിവസം ടാര്‍ ചെയ്തു.  പക്ഷെ ഒരു മാന്‍ഹോളിന്‍റെ അടപ്പ് റോഡ് നിരപ്പില്‍ നിന്നും ഒരടിയോളം പൊങ്ങി നില്‍ക്കുന്നു.  ബൈക്ക് യാത്രക്കാര്‍ക്ക് കഷ്ടകാലംതന്നെ.  സൂക്ഷിച്ചില്ലെങ്കില്‍ മറിഞ്ഞുവീണേക്കും.  അല്ലെങ്കില്‍ ഡിസ്കെങ്കിലും തകരാറിലാവും ഉറപ്പ്.

അപകട സാധ്യത

ഇന്ന് വൈകിട്ട് 6.30മണിയോടെ സ്റ്റാച്യൂവിന് സമീപം ഒരു വാഗണ്‍ആര്‍ കാര്‍ വളരെ വേഗത്തില്‍ zigzag ചെയ്ത് കടന്നുപോയി.  എന്‍െറ മുന്നില്‍ ഒരു ബൈക്കിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണത് പാഞ്ഞുപോയത്. ബൈക്കില്‍ ഒരു യുവാവും യുവതിയുമായിരുന്നു.  അവര്‍ വളരെവേഗം കാറിന് സമാന്തരമായെത്തുകയും ആക്രോശിക്കുകയും ചെയ്തു.  കാര്‍ വിജെറ്റി ഹാളിനുമുന്നിലെ ട്രാഫിക് സിഗ്നലിനുമുന്നില്‍ നിറുത്തിയിട്ടപ്പോള്‍ ഞാനും ബൈക്കിലെത്തി.  രണ്ടു ചെറുപ്പക്കാര്‍, അല്ല പയ്യന്മാര്‍ കഷ്‌ടി 20 വയസ്സുവരും.  അവരോട് 'നിങ്ങള്‍ അവരെ ഇടിച്ചിടുമായിരുന്നല്ലോ' എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി 'ഇടിച്ചില്ലല്ലോ, പിന്നെ നിങ്ങള്‍ക്കെന്താ? ഞങ്ങള്‍ 4 വീല്‍കാരല്ലേ' എന്നായിരുന്നു.  പിന്നെ അവരോടൊന്നും പറഞ്ഞിട്ടുകാര്യമില്ലെന്നു മനസ്സിലായി. 'അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്നൊരു നിമിഷം ആലോചിക്കാത്തതെന്താ' എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.  അല്ലെങ്കില്‍ അവരുടെ സഹോദരനോ സഹോദരിയോ ആയിരുന്നെങ്കില്‍ എന്നു് അവര്‍ ചിന്തിക്കാത്തതെന്താ?  ഇന്നലെ എന്‍െറ വീടിനടുത്ത് ഒരച്ഛനും മകളും ബൈക്ക് അപകടത്തില്‍പെട്ടു അച്ഛന്‍ തല്‍ക്ഷണം മരിച്ചുപോയിരുന്നു.  വീട്ടുകാരുടെ നഷ്ടം എങ്ങിനെ നികത്തും?