Sunday 16 October, 2011

ടി.വി.രാജേഷില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല

തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തില്‍ വനിതാ വാച്ച്ആന്‍ഡ് വാര്‍ഡിനെ താന്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോട് പ്രതികരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.

നിയമസഭയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി പരിശോധനയ്ക്കുശേഷം വൈകീട്ട് നിയമസഭാ സ്​പീക്കറുടെ ചേംബറില്‍നിന്നും പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കുമ്പോഴാണ് ടി.വി.രാജേഷ് വികാരാധീനനായത്.

ആദ്യം ജയിംസ്മാത്യു എം.എല്‍.എ. ആണ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചത്. തുടര്‍ന്ന് ജയിംസ്മാത്യു വിശദീകരിച്ചതിലധികമായി തനിക്കൊന്നും പറയാനില്ലെന്ന ആമുഖവുമായാണ് പ്രസംഗം തുടങ്ങിയത്. ''എനിക്ക് അച്ഛനും അമ്മയും ഭാര്യയും ഉണ്ട്. അങ്ങനെയുള്ള ഞങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നത് മോശമാണ്'' എന്ന് പറഞ്ഞുവെങ്കിലും പ്രസംഗം തുടരാനാകാതെ പൊട്ടിക്കരയുകയായിരുന്നു. താന്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തതായി തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുംകൂടി പറഞ്ഞെങ്കിലും തുടര്‍ന്ന് സംസാരിക്കാനാകാതെ പ്രസംഗം നിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ജയിംസ്മാത്യു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജേഷിന് സംസാരിക്കാനായില്ല. തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഇടപെട്ട് രാജേഷിനെ ആശ്വസിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. (മാതൃഭൂമി, 15.10.2011)

************************************************
കഷ്ടം തന്നെ.  ഇതാണോ യുവ എം.എല്‍.എ.-  ഇങ്ങിനെയാണ് പ്രശ്നങ്ങളെ നേരിടുന്നതെങ്കില്‍ ഇദ്ദേഹമെങ്ങിനെ ഒരു നിയമസഭാമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടും.  ഇവരില്‍ നിന്നും ശക്തമായ പ്രതികരണവും അചഞ്ചലമായ മനസ്സാന്നിധ്യവും പ്രതീക്ഷിച്ച നാമാണ് ഇവിടെ ഞെട്ടിത്തരിച്ചുനില്‍ക്കുന്നത്.  കുറച്ചുകാലമായി കേരള രാഷ്ട്രീയത്തില്‍ കരച്ചിലുകളുടെ കുത്തൊഴുക്കാണ്.  സിന്ധുജോയി, രമേശ് ചെന്നിത്തല മുതലിങ്ങോട്ട് കരച്ചിലോടുകരച്ചില്‍തന്നെ.  എന്തായാലും കഷ്ടമായിപ്പോയി എന്നല്ലാതെ എന്തു പറയാന്‍.  രാജേഷ് എം.എല്‍.എ-യുടെ പ്രകടനം കാണണ്ടേ.  മാതൃഭൂമിയുടെ ഈ ലിങ്കില്‍ അതിന്‍െറ വീഡിയോ ഉണ്ട് കണ്ടുനോക്കൂ.
*******************************************************
ടി.വി.രാജേഷ് എം.എല്‍.എ.യുടെ പ്രകടനം