Tuesday, 15 September 2009

അഭിനന്ദനങ്ങള്‍ ഹനാന്‍ - അനുബന്ധം

അഭിനന്ദനങ്ങള്‍ ഹനാന്‍
പാവപ്പെട്ടവന്‍റെ കമന്‍റ് കണ്ടു. അദ്ദേഹത്തിന്‍റെ അഭിപ്രായം ശരിയാണെന്ന് തോന്നുന്നു. ഹനാന്‍റെ ഫോട്ടോ ചുവടെ ചേര്‍ക്കുന്നു.




അഭിനന്ദനങ്ങള്‍ ഹനാന്‍

ഹനാന്‍റെ വിസ്മയ യാത്രയെപ്പറ്റി മാതൃഭൂമിയുടെ റൈറ്റപ് വായിച്ചു് അത്ഭുതപ്പെട്ടുപോയി. ഇങ്ങനെയും ഒരു മിടുക്കി. എന്തായാലും സന്തോഷം പങ്കുവയ്ക്കാന്‍ അഭിനന്ദനം അറിയിക്കുന്നു.

പത്രത്തില്‍ നിന്ന്

കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്ഹൗസ് നടത്തുന്ന ശാസ്ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.
യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്കിയാണ് സീമെന്‍സ് വെസ്റ്റിങ്ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ഥം നാസ ഇത് ല്ക്കസ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്ത ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്ത്രപുസ്തകങ്ങളാണ് വായനയ്‌ക്കെടുത്തത്.

ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.

Sunday, 13 September 2009

സീബ്രാ ക്രോസിംഗ് ആര്‍ക്കുവേണ്ടി

സീബ്രാ ക്രോസിംഗ് ആര്‍ക്കുവേണ്ടി? ഇപ്പോള്‍ തിരുവനന്തപുരത്ത് സീബ്രാ ക്രോസിംഗില്‍ വണ്ടി നിറുത്തുക എന്നത് ഒരു ഫാഷനാണ്. സീബ്രാ ക്രോസിംഗിന് മുമ്പായി ആരെങ്കിലും നിറുത്തിയിരുന്നാല്‍
പോലും അതുവകയ്ക്കാതെ അവര്‍ക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്നവരാണ് കൂടുതല്‍പേരും. കാല്‍നടക്കാര്‍ വാഹനങ്ങള്‍ക്കിടയില്‍കൂടി മറുകണ്ടം ചാടിക്കൊള്ളണം.
ഇതിനിടയ്ക്ക് വാഹനങ്ങള്‍ അനങ്ങിത്തുടങ്ങിയാല്‍ അവന്‍റെ കാര്യം കഷ്ടമെന്നല്ലാതെന്തുപറയാന്‍?ഇതു കാണുന്ന പോലീസുകാരന്‍ കമാന്നൊരക്ഷരം മിണ്ടില്ല. (വിരലിലെണ്ണാവുന്ന പോലീസുകാര്‍
ഇതിനപവാദമാണ് കേട്ടോ)

Saturday, 12 September 2009

തുപ്പല്‍

തുപ്പല്‍, അതും കാര്‍ക്കിച്ചു തുപ്പല്‍ മുഖത്തുതന്നെ വീണാല്‍ എന്തായിരിക്കും പ്രതികരണം? ഇരുചക്രവാഹനക്കാര്‍ പലപ്പോഴും അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ഒരു പരിധിവരെ അതില്‍ നിന്നും രക്ഷപ്പെടുമായിരിക്കും. എന്നാലും മുന്‍പെ പോകുന്ന വാഹനത്തില്‍ ഇരിക്കുന്നവര്‍ പുറത്തേക്കു നീട്ടിത്തുപ്പുന്നതിനുമുന്‍പ് പുറകെ വരുന്നവരെ ക്കൂടി ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. തുപ്പണമെന്ന് നിര്‍ബന്ധമുള്ളവര്‍ വാഹനം നിര്‍ത്തി തുപ്പട്ടെ. എന്തിനാ അതുമറ്റുള്ളവരുടെ മുഖത്തേക്ക് ആക്കുന്നത്? പലപ്പോഴും കുട്ടികളുമായി ബൈക്കില്‍ പോകുമ്പോഴാണ് ഇതിന്‍റെ ഭീകരാവസ്ഥ മനസ്സിലാകുന്നത്.

ഇതേ പോലെ തന്നെ മറ്റുചില വിരുതന്മാരുണ്ട്. അവര്‍ കാറിനുള്ളിലായിരിക്കും. കാറിന്‍റെ ഗ്ലാസ്സില്‍ അഴുക്കോ പൊടിയോ കണ്ടാല്‍ ഉടന്‍ അവര്‍ക്ക് കഴുകണം . കഴുകിക്കോട്ടെ, പക്ഷെ തിരക്കേറിയ റോഡില്‍, ഓടിക്കൊണ്ടിരിക്കെത്തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? ഓടിക്കൊണ്ടിരിക്കെത്തന്നെ കുറച്ചുവെള്ളം സ്പ്രേ ചെയ്ത് ഗ്ലാസ്സിലേക്ക് ഒഴിച്ച് വൈപ്പര്‍ കൊണ്ട് രണ്ട് ആട്ടം. സംഗതി ക്ലിയര്‍. പക്ഷെ ഈ അഴുക്കുവെള്ളം തെറിച്ചുവീഴുന്നത് തൊട്ടുപുറകെ വരുന്ന സ്കൂട്ടര്‍ യാത്രക്കാരന്‍റെ മേലാണ്. അവന്‍റെ ദേഹത്തും വസ്ത്രങ്ങളിലും വീഴുന്ന അഴുക്കുവെള്ളം ആരു കാണുന്നു.?

Thursday, 10 September 2009

കൂട്ടുന്നത് എന്ത്?

തിരുവനന്തപുരം:
വരൂ, പാളയത്തിനടുത്ത് സ്പെന്‍സര്‍ ജംഗ്ഷനില്‍. അവിടെ ഒരു പള്ളിയുടെ മതില്‍ ഇടിച്ച് അകത്തോട്ട് മാറ്റിപ്പണിയുന്നു. പേര് - റോഡ് വീതികൂട്ടല്‍. എത്രയാ വീതികൂട്ടുന്നത് ? ഒന്നര അടി. എം.ജി. റോഡിലാണ് ഇപ്പണി. പഴയമതില്‍ പുതുക്കിക്കെട്ടാന്‍ ചുളുവില്‍ കിട്ടുന്ന മാര്‍ഗ്ഗം ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ? പഞ്ചായത്തില്‍പോലും റോഡിനരുകില്‍ മതില്‍കെട്ടുമ്പോള്‍ റോഡിന്‍റെ മധ്യത്തില്‍നിന്നും ക്ലിപ്തദൂരം വിടണമെന്ന് ശഠിക്കുന്നുണ്ട്. ഇവിടെ മതില്‍ പുതുക്കിപ്പണിയലല്ലല്ലോ. റോഡ് വീതികൂട്ടലല്ലേ.

ഉറിയടി ഒരു പുതിയപതിപ്പ്

അഷ്ടമിരോഹിണിയുടെ പേരില്‍ പീഡനം

ഇന്ന് (10.8.2009) വൈകുന്നേരം 7 മണിയോടെ തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് ഇളംകുളം ജംഗ്ഷനില്‍ എന്‍.എഛില്‍ ഉറിയടി. 2 കിലോമീറ്ററോളം ദൂരത്തില്‍ തെക്കുവടക്ക് വാഹനങ്ങളുടെ കുരുക്ക്. പേരിന് ഒരു പോലീസുപോലുമില്ല. ഇതിനിടയിലൂടെ നിലവിളിച്ചുകൊണ്ട് ആംബുലന്‍സുകള്‍. ഉള്ളിലുള്ള രോഗികളുടെ കാര്യം.... ഹിന്ദുക്കള്‍ക്ക് ആകെ അപമാനകരമായ പ്രവൃത്തി. അമ്പലപറമ്പിലോ ആല്‍ത്തറയ്ക്ക് മുന്നിലോ നടത്തേണ്ടുന്ന ഇത്തരം ആ ഘോഷങ്ങള്‍ തിരക്കേറിയ ദേശീയപാതയിലേക്ക് വ്യാപിപ്പിച്ചതുകൊണ്ട് എന്തു നേടുന്നു. ആസമയത്ത് അവിടെ കുരുങ്ങിയ വാഹനങ്ങളില്‍പെട്ട ഒരു കൃഷ്ണഭക്തന്‍പോലും അവര്‍ക്ക് മാപ്പുനല്‍കുമെന്ന് തോന്നുന്നില്ല.

Tuesday, 11 November 2008

ഹെല്‍മറ്റ് പരിശോധന

ഹെല്‍മറ്റ് വേട്ട: ആഭ്യന്തരമന്ത്രി ഇടപെടണം - ശിവന്‍കുട്ടി
തിരു: ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് ശിവന്‍കുട്ടി എം.എല്‍.എ. ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഒരു വിഭാഗം പോലീസുകാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പല നിലയിലുള്ള ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി പ്രതിദിനം 100 കേസെടുക്കുന്നതിനാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നതെന്ന് അറിയുന്നു. ഹെല്‍മറ്റ് പരിശോധനയാണ് ഏറ്റവും എളുപ്പം എന്നുള്ളതുകൊണ്ട് മറ്റെല്ലാ പരിശോധനയും ഉപേക്ഷിച്ച് ഹെല്‍മറ്റ് പരിശോധനയില്‍ മാത്രം വ്യാപരിക്കുന്നു. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് കുടുംബങ്ങള്‍ അടക്കമുള്ള ഇരു ചക്രവാഹനയാത്രക്കാരെ കൈകാര്യം ചെയ്യുന്നതെന്നും നിവേദനത്തില്‍ പറയുന്നു.
ദേശാഭിമാനി ദിനപത്രം നവംബര്‍ 11 തിരുവനന്തപുരം എഡിഷന്‍ പ്രാദേശികം പേജ് 3